ഓസ്‌ട്രേലിയയിലെ ആദ്യ മുസ്ലിം മന്ത്രിക്കെതിരെ വംശീയാധിക്ഷേപം

മെല്‍ബണ്‍: വിശുദ്ധ ഖുര്‍ആന്‍ കൈയില്‍ പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത ഓസ്‌ട്രേലിയന്‍ മന്ത്രിക്കെതിരെ ഓണ്‍ലൈന്‍ വഴി വംശീയാധിക്ഷേപം. ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടംപിടിച്ച ആദ്യ മുസ്ലിം മന്ത്രി എഡ് ഹസികിനെതിരെയാണ് ആക്ഷേപങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്. 43കാരനായ ഹസിക് പ്രധാനമന്ത്രി കെവിന്‍ റൂഡിന്റെ പാര്‍ലമെന്ററി സെക്രട്ടറിയായി നിയമനിര്‍മാണ സഭയിലെത്തുകയായിരുന്നു.
ഖുര്‍ആന്‍ പിടിച്ച് സത്യപ്രതിജ്ഞ ചെയ്തതിനെ ബോസ്‌നിയന്‍ വംശജനായ ഹസിക് ന്യായീകരിച്ചു. 'മുസ്്‌ലിമെന്ന നിലയില്‍ ഞാനെടുത്ത തീരുമാനം ശരിയാണ്. എനിക്ക് ബൈബിള്‍ പിടിച്ച് പ്രതിജ്ഞയെടുക്കാനാവില്ല. ഞാന്‍ എന്താണോ അതു തന്നെയാണ് ഞാന്‍'-അദ്ദേഹം വ്യക്തമാക്കി. സത്യവാചകം ചൊല്ലിക്കൊടുത്ത ഗവര്‍ണര്‍ ജനറല്‍ ക്വന്റിന്‍ ബ്രൈസും അദ്ദേഹത്തെ അഭിനന്ദിച്ചു.

എന്നാല്‍ ഖുര്‍ആന്‍ കൈവശംവെച്ചതിനെ വിമര്‍ശിച്ച് ഹസികിന്റെ ഫേസ്ബുക്ക് പേജില്‍ വംശീയ വിരുദ്ധ പരാമര്‍ശങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിന് വിരുദ്ധമായാണ് ഹസിക് പ്രവര്‍ത്തിച്ചതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഹസിക് ഖുര്‍ആന്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് ടോണി ആബട്ടും പറഞ്ഞു. 1960കളിലാണ് ഹസികിന്റെ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്

0 comments: